ആംസ്റ്റെര്‍‍ഡാമി ലേക്ക് ഒരു റോഡ്‌ യാത്ര.

ഇന്ന് June 16, 2017 വെള്ളിയാഴ്ച. സമയം രാത്രി 9 മണി, യൂറോപ്പില്‍ പതിവുള്ളത് പോലെ രാത്രി 9 മണി ആയിട്ടും നേരം ഇരുട്ടിയിട്ടില്ല.. തണുത്തു വിറച്ചൊരു കടല്‍ക്കാറ്റ്‌ കോപെന്‍ഹേഗെന്‍ പട്ടണത്തില്‍ ചുറ്റിപ്പറന്നു നടപ്പുണ്ട്. കുളിര് കോരുന്നൊരു കാറ്റ് എന്‍റെ മനസ്സിലും…

ഈ യാത്രയില്‍ കൂടെയുള്ളത് സഹപ്രവര്‍ത്തകനായ ഹര്‍ഷ യാദവ് ആണ്. എന്നേക്കാള്‍ വലിയ സഞ്ചാര പ്രീയനാണ് ഹര്‍ഷ. കഴിഞ്ഞ ആഴ്ചകളില്‍ അവന്‍ ഒറ്റയ്ക്ക് ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ജോലിത്തിരക്കുകള്‍ കാരണം എനിക്ക് കൂടെ പോകാന്‍ പറ്റിയില്ല. പക്ഷെ ഇനിയുള്ള രണ്ടു ദിവസങ്ങള്‍ എന്നിലെ സഞ്ചാരിക്ക് മാത്രം അവകാശപ്പെട്ടതാവണം എന്നുറപ്പിച്ചിരിക്കുന്നു. സ്വപ്ന നഗരമായ ആംസ്റ്റെര്‍‍ഡാം എന്നെ കാത്തിരിക്കുന്നു എന്നുള്ള വിചാരം എന്‍റെ മനസ്സില്‍ ഒരേ സമയം സന്തോഷവും ആകാംക്ഷയും കുത്തി നിറക്കുന്നുണ്ട്.

ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പെന്‍ഹേഗെനില്‍ നിന്നും നെതെര്‍ലാണ്ടിന്‍റെ തലസ്ഥാന നഗരമായ ആംസ്റ്റെര്‍‍ഡാമിലേക്ക് ഒരു റോഡ്‌ യാത്ര. അതാണ്‌ ഇന്നത്തെ പദ്ധതി. ചിലവ് കുറവുള്ളത് കൊണ്ടും പ്രധാനപ്പെട്ട നഗരങ്ങള്‍ കൂടി കണ്ടു പോകാം എന്നുള്ളത് കൊണ്ടും ബസ്‌ യാത്ര ആകാം എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. FlixBus എന്നു പേരുള്ള ഒരു ട്രാവല്‍ കമ്പനിയുടെ ആംസ്റ്റെര്‍‍ഡാമിലേക്കുള്ള ഒരു ബസ്‌ ഞങ്ങള്‍ ബുക്ക്‌ ചെയ്തിരുന്നു. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് ബുക്ക്‌ ചെയ്തതായത് കൊണ്ട് 39 യൂറോ (ഏകദേശം 2900 രൂപ) ചിലവായി. രാത്രി 9.30 ന് യ്യാത്ര ആരംഭിക്കുന്ന ബസ്‌ പിറ്റേന്ന് രാവിലെ 9.30 ന് ആംസ്റ്റെര്‍‍ഡാമില്‍ എത്തും. കിത്യ സമയത്ത് തന്നെ ബസ്‌ എത്തി. ഇളം പച്ച നിറമുള്ള ഡബിള്‍ ഡെക്കര്‍ ബസ്‌, കാണാന്‍ നല്ല ചന്തമുണ്ട്. മുകളിലത്തെ നിലയില്‍ മുന്‍ വശത്ത്‌ തന്നെ ഇടം പിടിക്കാനായി ഞങ്ങള്‍ ക്യൂവിന്‍റെ മുന്‍പില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. ബസിന്‍റെ ഡോര്‍ തുറന്നു, ജര്‍മന്‍ ഭാഷയില്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് മധ്യ വയസ്കരായ ഒരു സ്ത്രീയും പുരുഷനും പുറത്തിറങ്ങി. ഈ ബസിന്‍റെ ഡ്രൈവര്‍മാരാണ്. അവര്‍ ഞങ്ങളുടെ പാസ്‌പോര്‍ട്ടും ടിക്കറ്റും പരിശോധിച്ചു, ബസില്‍ കയറിക്കോളാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ മുകളിലേക്കോടി ഏറ്റവും മുന്‍ നിരയിലെ സീറ്റ്‌ ഉറപ്പിച്ചു. സെമി സ്ലീപ്പര്‍ ബസ്‌ ആണെന്നുള്ള സന്തോഷത്തില്‍ ഇരുന്ന എന്നെ പക്ഷേ ആ സീറ്റ്‌ തെല്ലൊന്നു നിരാശപ്പെടുത്തി. നല്ല കുഷ്യന്‍ ഒക്കെ ഉണ്ടെങ്കിലും അധികം പുറകോട്ടു ചാരി ഇരിക്കുവാന്‍ പറ്റാത്ത ഒരു സീറ്റ്‌ ആണത്. എന്നിരുന്നാലും മുകളിലത്തെ നിലയില്‍ മുന്‍ നിരയിലെ ഈ സ്ഥാനം എന്നെ സന്തോഷിപ്പിക്കുന്നുണ്ട്.

 

flixbus

ഞങ്ങള്‍ സഞ്ചരിച്ച flixbus.

ബസ്‌ യാത്ര തുടങ്ങി. ഡെന്‍മാര്‍ക്കിന്‍റെ ആകാശം കറുത്തിരുണ്ട് തുടങ്ങിയിരുന്നു. ചെറിയൊരു ചാറ്റല്‍ മഴ ഞങ്ങള്‍ക്ക് യാത്രാശംസകള്‍ നേര്‍ന്നു, സാമാന്യം നല്ല വേഗതയില്‍ സഞ്ചരിക്കുന്ന ബസ്‌ കോപെന്‍ഹേഗെന്‍ പട്ടണത്തെ പിന്നിലാക്കിയിരിക്കുന്നു. യൂറോപ്പിലെ ഹൈവേകള്‍ നാട്ടിലേതിലും വിജനമാണ്. അനുസരണയുള്ള കുട്ടിയുടെ തലമുടി അമ്മ ചീകി വച്ചിരിക്കുന്നത് പോലെ ഒരിഴ പോലും തെറ്റാത്ത വകച്ചിലുകളുണ്ട് ഇവിടുത്തെ കൃഷിയിടങ്ങള്‍ക്ക്. ഹൈവെകളിളുടെ നീങ്ങുന്ന ചില ട്രക്കുകള്‍ക്ക് transformers സിനിമയിലെ ചില കഥപാത്രങ്ങളുടെ മുഖച്ഛായയാണ്. കൂടാതെ അങ്ങിങ്ങായി ചില പെട്രോള്‍ ബങ്കുകള്‍, ചെറിയ ഹോം സ്റ്റേകള്‍, ഒറ്റപ്പെട്ട വീടുകള്‍. വീടുകളും ഹോട്ടലുകളും കാണാമെങ്കിലും ഒരു മനുഷ്യ ജീവിയെയും ഇവിടെയെങ്ങും കാണാനില്ല. ഇടയ്ക്കു ചെറിയ പട്ടണങ്ങള്‍ കടന്നു പോയി. ആകാശം കൂടുതല്‍ ഇരുട്ടിയിരിക്കുന്നു. വീടുകള്‍ക്കുള്ളില്‍ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങി. വലിയ ഗ്ലാസ്‌ ജനാലകള്‍ക്കുള്ളില്‍ കൂടി വീടുകള്‍ക്കകം വ്യക്തമായി കാണാം. വെള്ള നിറമുള്ള ഭിത്തികള്‍, വെള്ള നിറമുള്ള ഫര്‍ണീച്ചറുകള്‍, പ്ലേറ്റുകള്‍, കര്‍ട്ടനുകള്‍. ഇവിടെ എല്ലാം ഇങ്ങനെ ആണ്. പുറമേ എല്ലാം തണുത്തും ഇരുണ്ടും, അകത്തു എല്ലാം വെളുത്തും ചൂടുള്ളതും(ഉദ്ദേശിച്ചത് മനുഷ്യരെ അല്ല)..

യാത്ര തുടങ്ങീട്ടു മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു. ബസ്‌ ഓഡെന്‍സ് പട്ടണത്തെ ലക്ഷ്യമാക്കി പായുകയാണ്. പേരുള്ളവ മാത്രം എണ്ണിയാല്‍ 443 ചെറു ദ്വീപുകള്‍ അടങ്ങിയ ഒരു രാഷ്ട്രം ആണ് ഡെന്മാര്‍ക്ക്‌. ഞങ്ങള്‍ താമസിക്കുന്ന കോപ്പെന്‍ഹേഗെന്‍ ഇവയില്‍ സീലാന്‍ഡ്‌ എന്ന ദ്വീപില്‍ ഉള്‍പ്പെടുന്നു. ഡെന്മാര്‍ക്കിലെ ഏറ്റവും വലിയ ദ്വീപാണ് സീലാന്‍ഡ്‌ ( ഗ്രീന്‍ ലാന്‍ഡ്‌ ഉള്‍പ്പെടുത്താതെ) . ചില ദ്വീപുകളെ ചെറുതും വലുതും ആയ കടല്‍ പാലങ്ങള്‍ ബന്ധിപ്പിക്കുന്നു. സീലാന്‍ഡിനെയും ഓഡെന്‍സ് പട്ടണം സ്ഥിതി ചെയ്യുന്ന ഫ്യുന്‍ (Funen) ദ്വീപിനേയും ബന്ധിപ്പിക്കുന്ന കടല്‍ പാലത്തിലേക്കാണ്‌ ഞങ്ങള്‍ അടുക്കുന്നത്. ഗ്രേറ്റ്‌ ബെല്‍റ്റ്‌ ഫിക്സെഡ് ലിങ്ക് (Greate Belt Fixed Link)എന്നു പേരുള്ള ഈ കടല്‍ പാലത്തിന് 6.7km നീളവും 31m വീതിയും ഉണ്ട്.

Greate-Belt-Fixed-Link

ഗ്രേറ്റ്‌ ബെല്‍റ്റ്‌ ഫിക്സെഡ് ലിങ്ക് പാലം

ഞങ്ങളുടെ ബസ്‌ പാലത്തില്‍ കേറിയിരിക്കുന്നു, ഇരു വശവും കറുത്തിരുണ്ട കടല്‍, കുറച്ചു നീങ്ങിയപ്പോള്‍ ബസ്‌ ആടിയുലയുന്ന പോലെയോ റോഡില്‍ നിന്നും തെന്നി മാറുന്ന പോലെയോ ഒക്കെ ഒരു തോന്നല്‍. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ എന്നു കൂട്ടുകാരന്‍ ഹര്‍ഷയ്ക്ക് ഒരു ആശങ്ക. കുറച്ചു നേരം ശ്രദ്ധിച്ചപ്പോളാണ് മനസിലായത് യഥാര്‍ത്ഥ വില്ലന്‍ കടല്‍ കാറ്റ് ആണെന്ന്. അതി ശക്തമായകടല്‍ക്കാറ്റ് ബസിനെ പിടിച്ചു ഉലയ്ക്കുന്നുണ്ട്, മുകളിലത്തെ നിലയില്‍ ഇരിക്കുന്ന സഹ യാത്രികരുടെ മുഖത്തു തെല്ലോരമ്പരപ്പ് പ്രകടമാണ്. രണ്ടു ഭാഗങ്ങള്‍ ആയിട്ടുള്ള ഈ ഭീമന്‍ പാലത്തിന്‍റെ ആദ്യ ഭാഗം സീലാന്‍ഡില്‍ നിന്നും ആരംഭിച്ചു സ്പ്രോഗ് (Sprogø) എന്ന കൊച്ചു ദ്വീപ്‌ വരെയും അടുത്തത്‌ സ്പ്രോഗ് മുതല്‍ ഫ്യുന്‍ വരെയും നീണ്ടു കിടക്കുന്നു.

great-belt-fixed-link-bridge-denmark

വിളക്കുകള്‍ തെളിയിച്ചു നില്‍ക്കുന്ന ഗ്രേറ്റ്‌ ബെല്‍റ്റ്‌ ഫിക്സെഡ് ലിങ്ക് പാലം

ഓഡെന്‍സ് പട്ടണവും പിന്നിട്ടു കോള്‍ഡിംഗ് (kolding) ലക്ഷ്യമാക്കി ബസ്‌ യാത്ര തുടങ്ങിയപ്പോളേക്കും രാത്രി ഏറെ വൈകിയിരുന്നു. ബസിന്‍റെ ഹെഡ് ലൈറ്റിന്‍റെ ദ്രിഷ്ടിക്കുമപ്പുറത്തുള്ള കാഴ്ചകളെ ഇരുട്ട് കീഴടക്കിക്കഴിഞ്ഞിരിക്കുന്നു…. ഉറക്കം എന്‍റെ കണ്ണുകളെയും.

രാത്രിയില്‍ എപ്പോഴോ ഉറക്കം എണീറ്റപ്പോള്‍ ഞങ്ങള്‍ ഹാംബുര്‍ഗില്‍ എത്തിയിരുന്നു. ജര്‍മനിയുടെ വടക്ക് ഭാഗത്തുള്ള പ്രധാനപ്പെട്ട പട്ടണമാണ് ഹാംബുര്‍ഗ്. സമയം പുലര്‍ച്ചെ 4 മണിയോടടുത്തു. നിയോണ്‍ വിളക്കുകളുടെ വെളിച്ചത്തില്‍ ചാറ്റല്‍ മഴയില്‍ നനഞ്ഞു നില്‍കുന്ന ഈ പട്ടണം ആദ്യ കാഴ്ചയില്‍ തന്നെ എന്‍റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നായി മാറി. കുറച്ചു ആളുകളെയും കൂടി കേറ്റിയ ശേഷം ഞങ്ങളുടെ ബസ്‌ ആംസ്റ്റെര്‍‍ഡാമിലേക്ക് തിരിച്ചു, വീണ്ടും ഒരു മയക്കത്തിലേക്ക് ഞാനും.

തുടരും……

Leave a Comment

Your email address will not be published. Required fields are marked *